മികച്ച സംരംഭകരാകാന്‍ പത്ത് വഴികള്‍

ഡോ.ഷൈജു കാരയില്‍

ഒരു സംരംഭകനെന്ന നിലയില്‍ എല്ലാവര്‍ക്കും സ്വന്തം ബിസിനസ് വളര്‍ത്തണമെന്നും ഒരു വലിയ ബ്രാന്‍ഡായി വളരണമെന്നുമൊക്കെ ആഗ്രഹമുണ്ടാകും. എന്നാല്‍ എങ്ങനെ ബിസിനസ് ചെയ്യണമെന്ന് ചിലര്‍ക്കെങ്കിലും ഉറപ്പില്ല. എല്ലാ സംരംഭകര്‍ക്കും ബിസിനസ് മെച്ചപ്പെടുത്താന്‍ സ്വീകരിക്കാവുന്ന പത്ത് നിര്‍ദേശങ്ങളാണ് ഇവിടെ അവലോകനം ചെയ്യുന്നത്. ഈ വഴികള്‍ പിന്തുടര്‍ന്നാല്‍ ബിസിനസില്‍ നിങ്ങള്‍ക്കും ഒരുപാട് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് ഉറപ്പ്.

1) ഗോള്‍ സെറ്റിങ്

പലരും ബിസിനസ് തുടങ്ങുന്നുണ്ടെങ്കിലും കൃത്യമായ ലക്ഷ്യബോധം ഉണ്ടാകില്ല എന്നതാണ് സത്യാവസ്ഥ. ലക്ഷ്യബോധം ഇല്ലാത്തതാണ് പലപ്പോഴും അവരുടെ ബിസനസ് പരാജയത്തിനു പ്രധാന കാരണവും. ബിസിനസ് ആരംഭിക്കുമ്പോള്‍ അവര്‍ ഒരു കംഫര്‍ട്ട് സോണിലേക്ക് പോകുകയാണ് ചെയ്യുന്നത്. സംരംഭം നോര്‍മല്‍ ആയി മുന്നോട്ടുപോയാല്‍ മതിയെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. എന്നാല്‍ ബിസിനസില്‍ വിജയിക്കുന്നവര്‍ക്ക് ഒരു പത്തുവര്‍ഷത്തേക്കുള്ള ലക്ഷ്യം ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാന്‍ അവര്‍ തയ്യാറാക്കിയിരിക്കണം. പിന്നീട് ആ അഞ്ചു വര്‍ഷത്തിന് ആനുപാതികമായി മൂന്ന് വര്‍ഷത്തെ ഗോളും സെറ്റ് ചെയ്തിരിക്കണം. അതുമല്ലെങ്കില്‍ അതിനും ആനുപാതികമായി ഒരു വര്‍ഷത്തെ ഗോള്‍ ആസൂത്രണം ചെയ്തുവെക്കണം. അങ്ങനെ ആ ലക്ഷ്യത്തെ മൂന്ന് മാസത്തെ ഒരു ഗോള്‍ ആയി വീണ്ടും ചുരുക്കുകയും ആ ലക്ഷ്യങ്ങള്‍ നേടാനായി എന്തൊക്കെ ചെയ്യാമെന്ന് വീണ്ടും പ്ലാന്‍ ചെയ്തുവെക്കുകയും വേണം. ഇങ്ങനെ പ്ലാന്‍ ചെയ്തു വെക്കുന്നതിലൂടെയും അത് കൃത്യമായി വിലയിരുത്തുന്നതിലൂടെയും നിങ്ങളുടെ ബിസിനസ് എത്രത്തോളം വിജയിച്ചുവെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും.

2) ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്

ഏതൊരു ചെറിയ ബിസിനസ് ആയാലും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിനെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാകണം. ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അവിടെ ആദ്യം നിയമിക്കേണ്ടത് അക്കൗണ്ടന്റിനെ ആയിരിക്കണം. തുടക്കം മുതല്‍ കണക്കുകള്‍ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും. കണക്കുകള്‍ കൃത്യമായാല്‍ ബിസിനസ് പങ്കാളികള്‍, ബിസിനസില്‍ ഇന്‍വെസ്റ്റ്‌ചെയ്തിരിക്കുന്നവര്‍ തുടങ്ങിയവര്‍െക്കല്ലാം വിശ്വാസ്യത ഏറും.

3) മാര്‍ക്കറ്റിങ്

പലരും ഒരു ബിസിനസ് ആരംഭിച്ചതിനുശേഷമാണ് മാര്‍ക്കറ്റിങിനെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ. എന്നാല്‍ ഏതൊരു സംരംഭവും ആരംഭിക്കുന്നതിനു മുമ്പുതന്നെ മാര്‍ക്കറ്റിങിനെക്കുറിച്ച് കൃത്യമായ പ്ലാനിങ് ഉണ്ടാക്കണം. പ്ലാനിങ് ഇല്ലെങ്കില്‍ മാര്‍ക്കറ്റിലൂടെ തന്നെ ഒരുപാട് പണം നഷ്ടമാകും. പരമ്പരാഗത രീതിയിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപേക്ഷിക്കുക. ലോ ബഡ്ജറ്റില്‍ ഹൈ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന ന്യൂജനറേഷന്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അതിന് ഏറ്റവും നന്നായി വിനിയോഗിക്കാന്‍ പറ്റുന്ന ടൂള്‍ ആണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയയിലുള്ള പ്രസന്‍സ് നിങ്ങളുടെ സംരംഭത്തിന്റെ ബ്രാന്‍ഡിങിനെ വലിയ തോതില്‍ സഹായിക്കും.

4) ബിസിനസ് പ്രസന്റേഷന്‍

നിങ്ങളുടെ ബിസിനസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നതിനോടൊപ്പം അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള കഴിവും ഉണ്ടാകണമെന്നതാണ് പ്രധാനം. പല സന്ദര്‍ഭങ്ങളിലും ബിസിനസ് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകാം. ആസമയത്ത് ആത്മവിശ്വാസത്തോടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണം. നിങ്ങള്‍ അവതരിപ്പിക്കുന്ന വിഷയം കേള്‍ക്കുന്ന സമയം തന്നെ അതിനോട് താല്‍പര്യം തോന്നുന്ന രീതിയില്‍ ബിസിനസ് പ്രസന്റ് ചെയ്യാന്‍ സാധിക്കണം.

5) ട്രന്റുകള്‍ മോണിറ്റര്‍ ചെയ്യുക

മാര്‍ക്കറ്റില്‍ എപ്പോഴും ട്രന്റുകള്‍ മാറിക്കൊണ്ടേയിരിക്കും. ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ തന്നെ കേരളത്തിലെയും ഇന്ത്യയിലേയും ആഗോളതലത്തിലെയും ബിസിനസ് ട്രന്റുകള്‍, മാറ്റങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ എന്നിവ എങ്ങനെയാണെന്ന് മനസിലാക്കണം. പുതിയ ട്രന്റുകള്‍ക്കൊപ്പം മാറാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

6) സെല്ലിങ് സ്‌കില്‍ മൂര്‍ച്ഛകൂട്ടുക

നിങ്ങള്‍ ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ ഉള്ള സ്‌കില്‍ ആയിരിക്കില്ല പിന്നീടങ്ങോട്ട് ആവശ്യമായി വരിക. അതിനായി എല്ലാ ദിവസവും കമ്പനിയിലെ എല്ലാവരുടെയും സ്‌കില്‍ രാകി മിനുക്കണം. കാരണം ഏതൊരു കമ്പനിയായാലും ഏതെങ്കിലുമൊരു പ്രൊഡക്ടോ സര്‍വീസോ അത് മാര്‍ക്കറ്റില്‍ വിതരണം ചെയ്യുമ്പോഴാണ് ആ കമ്പനി വളരുന്നത്. അതുകൊണ്ടുതന്നെ ആ കമ്പനിയിലെ എല്ലാവരും സെയില്‍സിന്റെ മൂര്‍ച്ഛ കൂട്ടേണ്ടത് അത്യാവശ്യമാണ്. അത് ഡയറക്ടേഴ്‌സ് ആയിക്കൊള്ളട്ടെ, കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയിക്കൊള്ളട്ടെ, നിര്‍ബന്ധമായും അവരുടെ സ്‌കില്‍ കൂട്ടിക്കൊണ്ടേ ഇരിക്കണം. അതിനായി ജീവനക്കാര്‍ക്ക് ട്രെയിനിങുകള്‍, ചര്‍ച്ചകള്‍, ഇന്‍സെന്റീവ് നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കണം.

7) ബെസ്റ്റ് പ്രാക്ടീസസ് അഥവാ സിസ്റ്റമാറ്റിക് ഓപ്പറേറ്റീവ് പ്രൊസീജ്യര്‍

നിങ്ങളുടെ കമ്പനിയില്‍ ബെസ്റ്റ് പ്രാക്ടീസസ് അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഓപ്പറേറ്റീവ് പ്രൊസീജ്യര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതനുസരിച്ച് മാത്രമേ കമ്പനിയുടെ കാര്യങ്ങള്‍ പൂര്‍ണമായും ചെയ്യാന്‍ പാടുള്ളു. അത് എല്ലാ ജീവനക്കാരെയും കൃത്യമായി പഠിപ്പിച്ചിരിക്കണം.

8) മോട്ടിവേറ്റിങ് സ്റ്റാഫ്

കമ്പനിയിലെ ജീവനക്കാര്‍ എല്ലായ്‌പ്പോഴും മോട്ടിവേറ്റഡ് ആയിരിക്കണം. അവര്‍ക്ക് നല്‍കുന്ന സാലറിയെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല, അവര്‍ അഡീഷണലായി എത്രമാത്രം ജോലി ചെയ്യുന്നുണ്ടോ, എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ അത് കണക്കാക്കി അവര്‍ക്ക് ഇന്‍സെന്റീവ് പ്ലാന്‍ ചെയ്യണം. കമ്പനി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനിക്ക് കൃത്യമായ ലക്ഷ്യം ഉണ്ടെന്നും എല്ലാ ജീവനക്കാരെയും മനസിലാക്കണം. ഇത് കൂടാതെ ജീവനക്കാര്‍ക്ക് ഇടയ്ക്കിടെ മോട്ടിവേഷണല്‍ ക്ലാസുകള്‍ നല്‍കണം. അത് അവര്‍ക്ക് ആത്മവിശ്വാസം കൂട്ടും.

9) പരിമിതികള്‍ അറിയുക

സംരംഭകര്‍ എപ്പോഴും അവരുടെ പരിമിതികള്‍ അറിഞ്ഞിരിക്കണം. ഘട്ടംഘട്ടമായി മാത്രമേ വളര്‍ച്ചയുണ്ടാകൂ എന്ന തിരിച്ചറിവോടെ പരിമിതികള്‍ കണ്ടറിഞ്ഞ് ബിസിനസുമായി മുന്നോട്ടുപോകുക. പരിമിതികള്‍ വെച്ചുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്തെല്ലാം ചെയ്യാന്‍ പറ്റില്ല എന്ന് തിരിച്ചറിയുക.

10) ടേക്ക് എ ബ്രേക്ക്

ഒരു സംരംഭകന്‍ അവരുടെ ആദ്യ കാലത്ത് 24 മണിക്കൂറും ജോലി ചെയ്തുകൊണ്ടേയിരിക്കും. ആ തിരക്കിനിടയിലും ഒരു ബ്രേക്ക് എടുക്കാന്‍ ശ്രദ്ധിക്കുക. രണ്ടോ മൂന്നോ ദിവസമോ ഒരാഴ്ചയോ അവധി എടുക്കാം. വാളിന് മൂര്‍ച്ഛ കൂട്ടുംപോലെ തിരിച്ചുവരുമ്പോള്‍ പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ അത് സഹായിക്കും.

(പ്രശസ്ത കോര്‍പ്പറേറ്റ് ട്രയിനറും സംരംഭകനും കേരളത്തിലെ പ്രമുഖ ബിടുബി പ്ലാറ്റ്ഫോമായ ബിസ്ഗേറ്റിന്റെ ചെയര്‍മാനുമാണ് ലേഖകന്‍)