ബൈജൂസില്‍ സംഭവിക്കുന്നതെന്ത് ?

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ കുറിച്ച് കഴിഞ്ഞ ചില മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമായതല്ല. വരുമ്പോള്‍ എല്ലാ പ്രശ്നവും കൂട്ടത്തോടെ വരും എന്നാണല്ലോ. ഏതാണ്ട് അതേ അവസ്ഥയിലാണ് ബൈജൂസും.

ബൈജൂസിന്റെ ആരംഭവും വളര്‍ച്ചയും

വളരെ വേഗതയിലാണ് ബൈജൂസ് വളര്‍ന്നത്. 2011ല്‍ ആരംഭിച്ച കമ്പനി പതിനൊന്ന് വര്‍ഷം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറിയത് അതിശയത്തോടെയാണ് ഇന്ത്യന്‍ ബിസിനസ് ലോകം നോക്കിക്കണ്ടത്. പതിനൊന്നര കോടി വിദ്യാര്‍ത്ഥികള്‍ ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറും 2022 ഫിഫ വേള്‍ഡ് കപ്പ് ഔദ്യോഗിക സ്പോണ്‍സറുമാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഈ കമ്പനിയുടെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.

അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികഭാരം

അതേസമയം ഈ അതിവേഗ വളര്‍ച്ചയ്ക്ക് ചെറുതല്ലാത്ത വിലയാണ് ബൈജൂസിന് നല്‍കേണ്ടി വരുന്നത്. വളരെ തീവ്രമായ വില്‍പന തന്ത്രങ്ങളാണ് ബൈജൂസ് പിന്തുടരുന്നത് എന്ന ആക്ഷേപം ആദ്യം മുതല്‍ക്കേ ഉണ്ട്. മക്കളുടെ ഭാവിക്ക് ബൈജൂസ് ആപ്പ് അത്യന്താപേക്ഷിതമാണെന്ന് സാധാരണക്കാരായ മാതാപിതാക്കളെ വിശ്വസിപ്പിച്ച് അവര്‍ക്ക് താങ്ങാവുന്നതിലും അധികമായ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റ് എന്ന സാമ്പത്തിക ഭാരം അവരെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന രീതി വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോവിഡ് കാലത്ത് പലരുടെയും ഇന്‍സ്റ്റാള്‍മെന്റ്‌റ് മുടങ്ങുകയും അവരെ റിക്കവറി ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന പരാതി പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

മൂല്യത്തെ കുറിച്ച് സംശയം

2022 മേയിലാണ് ബൈജൂസുമായി ബന്ധപ്പെട്ട ആദ്യത്തെ വാര്‍ത്ത വന്നത്. സ്റ്റോക്ക് രംഗത്ത് ഷോര്‍ട്ട് ചെയ്യുക എന്നൊരു രീതിയുണ്ട്. ഒരു കമ്പനിയുടെ ഷെയര്‍ വില ഇപ്പോള്‍ കൂടുതലാണെന്നും ഒരു നിശ്ചിത കാലത്തിനുള്ളില്‍ അത് ഇടിയുമെന്നും നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ബ്രോക്കറില്‍ നിന്ന് ആ ഷെയറുകള്‍ നിങ്ങള്‍ക്ക് കടമായി വാങ്ങിക്കാം. കൈയ്യിലെത്തിയാല്‍ അപ്പോള്‍ തന്നെ ഇപ്പോഴത്തെ ഉയര്‍ന്നത് എന്ന് നിങ്ങള്‍ ചിന്തിക്കുന്ന വിലയ്ക്ക് വില്‍ക്കുന്നു. തുടര്‍ന്ന് നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ ഈ ഷെയറിന്റെ വില ഇടിയുമ്പോള്‍ നേരത്തെ വിറ്റ ഷെയറുകള്‍ക്ക് പകരം ഷെയറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ബ്രോക്കര്‍ക്ക് തിരിച്ച് നല്‍കുന്നു. ഇതാണ് ഷോര്‍ട്ട് ട്രേഡിങ്. ഈ രംഗത്തെ അറിയപ്പെടുന്ന ഒരു വിദഗ്ദ്ധനാണ് വൈസ്രോയി റിസേര്‍ച്ചിന്റെ ഫ്രേസര്‍ പെറിങ്. ബൈജൂസിലെ നിക്ഷേപകരായ സോഫിന ഗ്രൂപ്പിനെ ഷോര്‍ട്ട് ചെയ്ത് കൊണ്ടാണ് പെറിങ് വാര്‍ത്തകളില്‍ നിറഞ്ഞത്. ബൈജൂസിലെ നിക്ഷേപം ലാഭകരമാകില്ല എന്ന കാരണത്താലാണ് അദ്ദേഹം ഈ നിലപാടെടുത്തത്.

ലഭിക്കാത്ത നിക്ഷേപം?

ഫ്രേസര്‍ പെറിങിന്റെ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്തയെത്തി. 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപസമാഹരണം ബൈജൂസിനെ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറ്റിയിരുന്നു. എന്നാല്‍ അതില്‍ 250 മില്യണ്‍ ഡോളര്‍ നിക്ഷേപം താമസിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. ആഗോള മാന്ദ്യമാണ് കാരണം എന്നാണ് ഔദ്യോഗികമായി പറഞ്ഞത്. ഒരു നിക്ഷേപ സമാഹരണം പ്രഖ്യാപിക്കുകയും എന്നാല്‍ അതിലെ ഒരു ഭാഗം വരാതിരിക്കുകയും ചെയ്യുന്നത് നിക്ഷേപരംഗത്ത് അത്ര അസാധാരണമല്ല. എന്നാല്‍ ഫ്രേസര്‍ പെറിങിന്റെ ഷോര്‍ട്ട് ട്രേഡിങ്ങും ഇപ്പോള്‍ ഇതും കൂടിയായപ്പോള്‍ ബൈജൂസില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് എന്ന പ്രതീതി പൊതുവേ പരന്നു.

സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍

ഒരു ബില്യണ്‍ ഡോളറില്‍ അല്‍പ്പം മാത്രം കുറഞ്ഞ ഒരു തുകയ്ക്കാണ് ആകാശ് എജ്യുക്കേഷണല്‍ എന്ന ട്യൂട്ടോറിയല്‍ ശൃംഖലയെ ബൈജൂസ് വാങ്ങിയത്. ആകാശിന്റെ 38% ഓഹരി കൈവശം വച്ചിരുന്ന ബ്ളാക്ക്സ്റ്റോണ്‍ എന്ന പ്രൈവറ്റ് ഇക്വിറ്റി കമ്പനിക്ക് കൊടുക്കാനുള്ള ഇരുനൂറ്റി മുപ്പത്തിനാല് മില്യണ്‍ ഡോളര്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നു എന്ന വാര്‍ത്തയാണ് പിന്നീട് പുറത്ത് വന്നത്. ഇതോടെ ബൈജൂസിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കൂടുതല്‍ ശക്തമായി.

2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്

ബൈജൂസിന്റെ ഓഡിറ്റര്‍ ആയ ഡ്ലോയിറ്റ് 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് ഒപ്പിടാന്‍ വിസമ്മതിക്കുന്നു എന്നതായിരുന്നു അടുത്ത വാര്‍ത്ത. അക്കൗണ്ടിംഗ് രീതിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആണ് കാരണമായി പറഞ്ഞു കേട്ടത്. മൂന്നുവര്‍ഷത്തെ ഒരു കോഴ്സ് വില്‍ക്കുമ്പോള്‍ അതിന് കസ്റ്റമര്‍ പണം നല്‍കുന്നത് ഓരോ വര്‍ഷത്തെയും അനുപാതമനുസരിച്ചാണ്. എന്നാല്‍ ഈ മൂന്ന് വര്‍ഷങ്ങളുടെയും തുക ആദ്യത്തെ വര്‍ഷം തന്നെ വരുമാനമായി കാണിക്കുന്ന രീതിയാണ് ബൈജൂസ് പിന്തുടര്‍ന്നത്. ഇത് ഡ്ലോയിറ്റ് എതിര്‍ത്തു. ഡ്ലോയിറ്റ് നിശ്ചയിച്ച രീതിയില്‍ തന്നെ ഒടുവില്‍ ഓഡിറ്റിങ് നടന്നു. പക്ഷേ, അപ്പോള്‍ ബൈജൂസിന്റെ വരുമാനം ഇടിഞ്ഞു, നഷ്ടം കൂടി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇരുനൂറ്റിയറുപത് കോടി രൂപയായിരുന്ന നഷ്ടം 2020-21ല്‍ പുതിയ ഓഡിറ്റിങ് രീതി പ്രകാരം നാലായിരത്തിയഞ്ഞൂറ് കോടി രൂപയായി മാറി. അതോടെ ബൈജൂസിന്റെ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി.

മങ്ങിയ ഐ പി ഒ പ്രതീക്ഷകള്‍

അടുത്ത കാലത്ത് നടന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഐ പി ഒ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. പേറ്റിഎമ്മും സൊമാറ്റോയും നിക്ഷേപകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ബൈജൂസിന് ഐ പി ഒ പോകാനുള്ള ഒരു സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. അമേരിക്കയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യാനാണ് ബൈജൂസ് ശ്രമിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അതും അത്ര എളുപ്പമല്ല.

ബൈജൂസ് തിരിച്ച് വരുമെന്ന് ഉറപ്പ്

എഴുതിത്തള്ളാന്‍ വരട്ടെ. ബൈജു രവീന്ദ്രന്‍ വളരെ വ്യത്യസ്തനായ ഒരു സംരംഭകനാണ്. വെയിലത്ത് വാടില്ല. അതിവേഗ വളര്‍ച്ചയുടെ കാലത്ത് ശ്രദ്ധിക്കാതെ പോയ പിഴവുകള്‍ തിരുത്തി മുന്നേറാനുള്ള എല്ലാ സാധ്യതയും ബൈജൂസിനുണ്ട്. അതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബ്ലാക്‌സ്റ്റോണിന് കൊടുക്കാനുള്ള തുക കഴിഞ്ഞ മാസം കൊടുത്ത് തീര്‍ത്തു. 2020-21ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. നൂറ്റിയറുപത് മില്യണ്‍ ഡോളറിന്റെ ഒരു നിക്ഷേപ സമാഹരണം ഇപ്പോള്‍ നടക്കുന്നുണ്ട്. അതില്‍ അന്‍പത് മില്യണ്‍ ഡോളറിനടുത്ത് നിക്ഷേപം ലഭ്യമായി കഴിഞ്ഞു. മുന്‍കാലങ്ങളിലെ മൂല്യം തുടര്‍ന്നും ലഭിക്കുമോ എന്ന് സംശയമാണ്. എന്നാലും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തിന്റെ നെടുംതൂണുകളില്‍ ഒന്നായി ബൈജൂസ് തുടര്‍ന്നും ഇവിടെയുണ്ടാകും. ഉണ്ടാകണം.

(വിവിധ മാധ്യമങ്ങളില്‍ ഈ വിഷയം സംബന്ധിച്ച് വന്ന വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്).

(ഫൈനോട്ട്സ് സഹ സ്ഥാപകനും യൂണിക്കോണ്‍ ഇന്ത്യ വെഞ്ച്വേഴ്സില്‍ വെഞ്ച്വര്‍ പാര്‍ട്ണറുമാണ് ലേഖകന്‍.)