അരനൂറ്റാണ്ടിൻ്റെ ബിസിനസ് പ്രൗഢിയിൽ മൂന്നാറിലെ  ചേലക്കല്‍ കൃഷ്ണന്‍ ആന്‍ഡ് സണ്‍സ്

ഒരു ബ്രാന്‍ഡ് ഒരു നാടിന്റെ ഭാഗമായി തീരുക എന്നത് അത്ര പെട്ടന്ന് സാധ്യമാകുന്ന കാര്യമല്ല. നാടിനൊപ്പം വളരുമ്പോഴാണ് ആ പേര് ജനമനസുകളില്‍ സ്ഥാനം പിടിക്കുക. ചേലക്കല്‍ കൃഷ്ണന്‍ ആന്‍ഡ് സണ്‍സിന്റെ കൃഷ്ണ എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയും ഈ പാതയിലായിരുന്നു. ഒന്നും രണ്ടുമല്ല 50 വര്‍ഷത്തെ വിജയ ചരിത്രമാണ് ഈ ബിസിനസ് സാമ്രാജ്യത്തിനുള്ളത്. ഇടുക്കിയുടെ ഹൃദയമായ മൂന്നാറില്‍ ചെറു ബിസിനസായി ആരംഭിച്ച കൃഷ്ണന്‍ ആന്‍ഡ് സണ്‍സ് ഇന്ന് മൂന്നാറിലെ ഒരു കംപ്ലീറ്റ് ഷോപ്പിങ് ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു. ഒരു കുടുംബത്തിന്റെ നിത്യജീവിതത്തിനാവശ്യമായതെല്ലാം ഈ ബിസിനസ് വലയത്തിലുണ്ട്.

ആരെയും മോഹിപ്പിക്കുന്ന ഈ സംരംഭങ്ങളുടെ അമരക്കാരനാണ് ചേലക്കല്‍ കുഞ്ഞന്‍ കൃഷ്ണന്‍. വാഴക്കുളത്ത് ജനിച്ചുവളര്‍ന്ന കുഞ്ഞന്‍ കൃഷ്ണന്‍ ജീവിതം കരുപ്പിടിപ്പിക്കാനായി 1940 ല്‍ പതിനാലാം വയസിലാണ് മൂന്നാറിലെത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറിലെ ആദ്യ പെട്രോള്‍ പമ്പായ ബര്‍മ്മ ഷെല്ലില്‍ ജീവനക്കാരനായാണ് തൊഴില്‍ മേഖലയിലെ തുടക്കം. പിന്നീട് മാനേജരായി പ്രൊമോഷന്‍ ലഭിച്ചു. പെട്രോള്‍ പമ്പിലെ ദീര്‍ഘകാല പരിചയസമ്പത്തും ബന്ധങ്ങളും ഉപയോഗിച്ച് 1972 ല്‍ കുഞ്ഞന്‍ കൃഷ്ണന്‍ സ്വന്തമായി ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പ് ആരംഭിച്ചു. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കരിമ്പിന്‍ തോട്ടവും പൈനാപ്പിള്‍ തോട്ടവും അദ്ദേഹം വാങ്ങി. കൂടാതെ മൂന്നാറില്‍ അന്ന് അഞ്ച് റേഷന്‍ കടകളും നടത്തിയിരുന്നു. 1972 ല്‍ ഉദയം ചെയ്ത് അങ്ങനെ പടിപടിയായി വളര്‍ന്ന കൃഷ്ണന്‍ ആന്‍ഡ് സണ്‍സിന് ഇന്ന് പത്തിലധികം സംരംഭങ്ങളുണ്ട്.

ഉറച്ച ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലായി ഉണ്ടായിരുന്ന കുഞ്ഞന്‍ കൃഷ്ണന്റെ ബിസിനസ് വളര്‍ച്ച പെട്ടെന്നായിരുന്നു. മൂന്നാറില്‍ അറിയപ്പെടുന്ന ഒരു സംരംഭകനായി അദ്ദേഹം പേരെടുത്തു. മൂന്നാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ മലയാളം അധ്യാപികയായിരുന്ന എം കെ ചെല്ലമ്മയാണ് കുഞ്ഞന്‍ കൃഷ്ണന്റെ ഭാര്യ. ബിസിനസ് വളര്‍ച്ചയിലുടനീളം അദ്ദേഹത്തിനൊപ്പം അവര്‍ നിന്നു. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1976 ല്‍ ഏലത്തോട്ടം വാങ്ങി. സാമ്പത്തികമായി ഏറെ മെച്ചപ്പെട്ടുനില്‍ക്കെ 1998 ല്‍ കുഞ്ഞന്‍ കൃഷ്ണന്‍ മരിച്ചു. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് കുഞ്ഞന്‍ കൃഷ്ണന്. അദ്ദേഹത്തിന്റെ മരണശേഷം മക്കള്‍ ബിസിനസ് ഏറ്റെടുത്തു.

പ്രാദേശികമായി ഏറ്റവും സുലഭമായിരുന്ന സുഗന്ധവ്യജ്ഞനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 1999 ല്‍ മൂന്നാറില്‍ സ്‌പൈസസ് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. ബിസിനസിലേക്കുള്ള മക്കളുടെ കടന്നുവരവ് ഇങ്ങനെയായിരുന്നു. 2000 ല്‍ ബേക്കറി രംഗത്തേക്കും അവര്‍ കടന്നു. 2001 ല്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് ഷോറൂം 2005 ല്‍ കൃഷ്ണ ഗിഫ്റ്റ് ആന്റ് ഫാന്‍സി ഷോപ്പും ആരംഭിച്ച് ബിസിനസ് വീണ്ടും വിപുലമാക്കി. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം 2013 ല്‍ കൃഷ്ണ ഷോപ്പിങ് മാളിലൂടെ വസ്ത്രവ്യാപാര രംഗത്തും അവര്‍ കടന്നു. 2014 ല്‍ കൃഷ്ണ ബുട്ടീക്ക് എന്ന ഷോപ്പ് ആരംഭിച്ച് ബുട്ടീക്ക് എന്ന ആശയം അന്നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയതും കൃഷ്ണ ഗ്രൂപ്പാണ്.

എല്ലാ സംരംഭങ്ങളും മികച്ച നിലയില്‍ മുന്നോട്ടുപോകുന്നതിനിടെ ഇ-കൊമേഴ്‌സ് രംഗത്തേക്കും കൃഷ്ണ ഗ്രൂപ്പ് കടന്നു. ബിസിനസിലേക്ക് കുഞ്ഞന്‍ കൃഷ്ണന്റെ ചെറുമക്കള്‍ കടന്നുവന്നതോടെയാണ് ഇ കൊമേഴ്‌സ് എന്ന പുത്തന്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള കൃഷ്ണ ഗ്രൂപ്പിന്റെ രംഗപ്രവേശം. കേരളത്തിലെ തനതു വിഭങ്ങളായ സ്‌പൈസസ് മസാല, തേയില, കോഫി പൗഡര്‍, കൂടാതെ സൗന്ദര്യ സംരക്ഷണത്തിനുള്ള ഉത്പന്നങ്ങള്‍ എന്നിവ ഏറ്റവും ഗുണമേന്മയോടെ ഈ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലെത്തിക്കുന്നു. Elephant runk എന്ന ബ്രാന്‍ഡില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി മികച്ച വില്‍പ്പനയാണ് നടക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളിലെ പ്രൊമോഷന്‍ വഴി സ്വന്തം വെബ്‌സൈറ്റിലൂടെയാണ് വില്‍പന. 2019 ല്‍ ആരംഭിച്ച ഈ Elephant runk വിജയകരമായി മുന്നേറുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളും മൂന്നാറിലെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കിക്കൊണ്ട് 2021 ല്‍ കൃഷ്ണ ഹൈപ്പര്‍മാര്‍ക്കറ്റും തുറന്നു. ചെറു കടകള്‍ മാത്രമുള്ള മൂന്നാറില്‍ സാധാരണക്കാര്‍ക്ക് അവരുടെ വരുമാനത്തിനൊത്ത് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം നല്‍കുക എന്ന ലക്ഷ്യമാണ് കൃഷ്ണ ഹൈപ്പര്‍മാര്‍ക്കറ്റ് സാക്ഷാത്കരിക്കുന്നത്.

2022ല്‍ കൃഷ്ണ ബേക്കറിയുടെ കീഴില്‍ കുഞ്ഞന്‍ കൃഷ്ണന്റെ കൊച്ചുമക്കള്‍ ആരംഭിച്ച K confectionery എന്ന ഓണ്‍ലൈന്‍ സംരംഭവും മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണ്. ചോക്ലേറ്റ്‌സ്, ഡ്രിങ്കിങ് ചോക്ലേറ്റ്‌സ്, ചോക്ലേറ്റ് ബാറുകള്‍ എന്നിവയാണ്  K confectionery യിലൂടെ വില്‍ക്കുന്നത്. ഇടുക്കിയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച കൊക്കോ പഴങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്ന വിവിധ തരം ചോക്ലേറ്റുകള്‍, ചോക്ലേറ്റില്‍ നിര്‍മിതമായ നറ്റ്‌സ്, പിസ്ത, ആല്‍മണ്ട് എന്നിവ ഏറ്റവും ഗുണമേന്മയോടെ ആവശ്യക്കാരുടെ പക്കല്‍ എത്തിക്കുകയാണ് K confectionery ചെയ്യുന്നത്.

അമ്പതു വര്‍ഷത്തിനിടെ പത്തോളം സംരംഭങ്ങള്‍, അവയിലൊന്നുപോലും പാതിവഴിയില്‍ നിലച്ചില്ല. ഓരോ സംരംഭങ്ങളിലൂടെയും കൃഷ്ണ എന്ന ബ്രാന്‍ഡ് വളര്‍ന്നുകൊണ്ടേയിരിക്കുന്നു. വളര്‍ച്ചയുടെ പാതയില്‍ പുതിയ മേഖലകളിലേക്ക് കടക്കാനൊരുങ്ങുകയാണ് പാരമ്പര്യത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃഷ്ണന്‍ ആന്‍ഡ് സണ്‍സ്.