അന്യോന്യം ചേര്‍ത്ത്പിടിച്ച് സ്റ്റാര്‍ട്ടപ്പ്അപ്പ് പരാജയങ്ങളെ അതിജീവിക്കാം

റോബിന്‍ അലക്സ് പണിക്കര്‍

സ്റ്റാര്‍ട്ടപ്പുകള്‍ നേടുന്ന നിക്ഷേപ കണക്കുകളും മറ്റും വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട് ഇന്ന്. സംരംഭം ആരംഭിക്കുന്നതും നടത്തുന്നതും ഒരു പോസിറ്റീവ് കാര്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന ഈ വാര്‍ത്താ പ്രാധാന്യം കാരണമായിട്ടുണ്ട്. അതിന്റെ ഫലമായി അനേകര്‍ സരംഭകരാകാന്‍ തയ്യാറായി മുന്നോട്ടു വരുന്നു.

പത്ത് ശതമാനം സംരംഭങ്ങളാണ് വിജയിക്കുക എന്നൊരു കണക്ക് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കണക്ക് എത്രത്തോളം ശരിയാണ് എന്ന തര്‍ക്കത്തിനില്ല. എന്നാല്‍ സംരംഭകത്വം എന്നത് നഷ്ടസാധ്യത
കൂടുതലുള്ള ഒരു കര്‍മമാണ് എന്ന സത്യം നിലനില്‍ക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുണ്ട്. പരാജയപ്പെടുന്ന സംരംഭങ്ങള്‍ നടത്തിയവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത്. നല്ല സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ സംരംഭങ്ങള്‍ വിജയിക്കാനുള്ള അനുകൂലഘടകങ്ങള്‍ എന്നതുപോലെ പരാജയക്ഷതം ലഘൂകരിക്കാനുള്ള ഘടകങ്ങള്‍ കൂടി ഉണ്ടായിരിക്കും. പരാജയപ്പെട്ട സംരംഭങ്ങള്‍ നിയമപരമായി എത്രയും പെട്ടെന്ന് നിര്‍ത്താനുള്ള നിയമങ്ങളും ബാധ്യതകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അവസരങ്ങളും സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യവും അത്തരം ആവാസവ്യവസ്ഥയില്‍ ലഭ്യമായിരിക്കും. അവരുടെ അനുഭവജ്ഞാനം വിലപ്പെട്ടതായി മറ്റ് സംരംഭങ്ങള്‍ കണക്കാക്കും. പലരും വീണ്ടും സംരംഭങ്ങള്‍ ആരംഭിക്കുന്നത് അവിടങ്ങളില്‍ സാധാരണവുമാണ്.
സംരംഭങ്ങള്‍ പരാജയപ്പെടാം, എന്നാല്‍ സംരംഭകന്‍ പരാജയപ്പെടുകയില്ല എന്നതാണ് അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എന്നിരുന്നാലും ചില സംരംഭകരെങ്കിലും തിരിച്ചുവരാന്‍ സാധിക്കാതെ നില തെറ്റി പോകാറുണ്ട്. സിലിക്കണ്‍ വാലി അത്തരം ഒരു നല്ല സംരംഭക ആവാസവ്യവസ്ഥയുടെ ഉദാഹരണമാണ്.

ഇന്ത്യയില്‍ സ്റ്റാര്‍ട്ട്അപ്പ് രംഗം വലിയ വളര്‍ച്ച നേടുന്നുണ്ടെങ്കിലും പരാജയപ്പെട്ട സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും വേണ്ട സാമൂഹിക പിന്തുണ പലപ്പോഴും ലഭിക്കാറില്ല. ഒരു പരിധി വരെ ബംഗ്ളൂരുവില്‍ ഇത്തരം പിന്തുണ ലഭിക്കുന്നുണ്ട്. മറ്റ് നഗരങ്ങളില്‍, പ്രത്യേകിച്ച് രണ്ടാംനിര നഗരങ്ങളില്‍ പലപ്പോഴും പരാജയങ്ങള്‍ തിരിച്ച് വരവിന് സാധ്യതയില്ലാത്ത പരാജയങ്ങളായിത്തന്നെ പെട്ടുപോകുന്ന ഒരു സ്ഥിതിയുണ്ട്.

രണ്ടാംനിര നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്. മുകളില്‍ ചൂണ്ടിക്കാണിച്ച പ്രശ്നം ഇവിടെങ്ങളിലും കാണാന്‍ സാധിക്കും.
ഒറ്റപ്പെടലാണ് പ്രധാന പ്രശ്നം. തന്നെ മറ്റുള്ളവര്‍ ഇനി എങ്ങനെയായിരിക്കും വിലയിരുത്തുക എന്ന ആശങ്ക കാരണം പൊതുധാരയില്‍ നിന്ന് അവര്‍ സ്വാഭാവികമായി പിന്‍വാങ്ങാന്‍ ശ്രമിക്കും. അവിടെ താങ്ങായി
നിന്ന് അവരെ തിരികെകൊണ്ടുവരേണ്ടത് ആ സംരംഭക ആവാസവ്യവസ്ഥയുടെ ഭാഗമായ മറ്റുള്ളവരുടെ ഉത്തരാവാദിത്തമാണ്. കാരണം അത്തരക്കാര്‍ പലപ്പോഴും എത്തിപ്പെടുക വിഷാദരോഗാവസ്ഥയിലാണ്.

സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ അന്യോന്യം താങ്ങായി നില്‍ക്കുക എന്നത് പരമപ്രധാനമാണ്. അതിന് ആദ്യം വേണ്ടത് സംരംഭകര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സൗഹൃദം സ്ഥാപിക്കാനും സഹായിക്കുന്ന കൂട്ടായ്മകള്‍ രൂപപ്പെടുക എന്നതാണ്. പക്ഷേ അങ്ങനെ കൂട്ടായ്മകള്‍ രൂപപ്പെടണമെങ്കില്‍ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാന്‍ നമ്മള്‍ തയ്യാറാകേണ്ടതുണ്ട്. തന്റെ ഐഡിയ അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നവരാണോ എന്ന സംശയത്തോടെ മറ്റു സംരംഭകരെ കാണുന്ന ഒരു രീതി കേരളത്തില്‍ പലപ്പോഴുമുണ്ട്. ഇക്കാര്യത്തില്‍ കുറച്ചുകൂടി തുറന്ന സമീപനം സംരംഭകര്‍ക്കുണ്ടാകണം. അങ്ങനെയൊരു സംരംഭക സമൂഹം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞാല്‍ പരാജയഭാരം ലഘൂകരിക്കാന്‍ വലിയൊരു അളവുവരെ സാധിക്കും. മാനസികശക്തി നിലനിര്‍ത്താന്‍ സാധിച്ചാല്‍ അവര്‍ക്ക് അവരുടെ പ്രശ്നങ്ങളെ തരണം ചെയ്ത് അടുത്ത തലത്തിലേക്ക് മുന്നേറാനും സാധിക്കും.

പരാജയത്തിന്റെ വക്കിലെത്തിയ സംരംഭങ്ങള്‍ മറ്റു കമ്പനികളുമായി ലയന സാധ്യത അന്വേഷിക്കുന്നത് വലിയ നാണക്കേടായി പലരും കരുതുന്നുണ്ട്. എന്നാല്‍ ലയനങ്ങളും ഏറ്റെടുക്കലുകളും ആരോഗ്യകരമായ സംരംഭക ആവാസവ്യവസ്ഥയുടെ ലക്ഷണങ്ങളാണ് എന്നതാണ് സത്യം. നാണക്കേടല്ല അത്. മുന്‍പിലുള്ള യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുള്ള ബുദ്ധിപരമായ നീക്കമാണത്. ഇതുപോലെയുള്ള തെറ്റിദ്ധാരണകള്‍ മാറുന്നതിനും വിവിധ സാധ്യതകള്‍ ആരായുന്നതിനും സംരംഭക കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ട്. കേരളത്തില്‍ പക്ഷേ സംരംഭക കൂട്ടായ്മകളും പ്രവര്‍ത്തനങ്ങളും കുറവാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന ഇവന്റുകള്‍ക്ക് ഇത്തരം കൂട്ടായ്മകളായി രൂപാന്തരപ്പെടാന്‍ സാധിച്ചിട്ടില്ല എന്നതാണ് എന്റെ വിലയിരുത്തല്‍. അവര്‍ക്ക് പരിമിതികളുണ്ട്. നമ്മള്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ തന്നെ ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ മുന്നോട്ടു വരണം. അന്യോന്യം ചേര്‍ത്ത് പിടിച്ച് നമുക്ക് മുന്നേറാം.

(പ്രശസ്ത സ്റ്റാര്‍ട്ട്അപ്പ് മെന്ററും വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റും സംരംഭകനുമാണ് ലേഖകന്‍)